ആയുർവേദത്തിൽ ആചാര്യന്മാർ കണ്ണിനെക്കുറിച്ചും കണ്ണിന്റെ പരിരക്ഷയെക്കുറിച്ചും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും മൊബൈൽ, കംപ്യൂട്ടർ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ തുടർച്ചയായ ഉപയോഗവും കണ്ണുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. കൊറോണയെ തുടർന്നുണ്ടായ സവിശേഷ സാഹചര്യങ്ങൾ – വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ, ഒ.ടി.ടി. പ്ലാറ്റ്ഫോം സിനിമകൾ മുതലായവ – നേത്രങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിന് കാരണമാകുന്നുണ്ട്. ലളിതമായ ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും നിത്യജീവിതത്തിൽ പരിശീലിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
പഞ്ചേന്ദ്രിയങ്ങളിൽ പ്രധാനമായ കണ്ണും മനസ്സും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അതിനാൽ മനസ്സിനുണ്ടാകുന്ന വിഷമങ്ങൾ കണ്ണിന്റെ ആരോഗ്യത്തെയും ബാധിക്കും. മനസ്സിനെ ശാന്തമായി നിറുത്തുകയെന്നത് കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.
ഇടക്കിടെ കണ്ണ് തണുത്ത വെള്ളത്തിൽ കഴുകുന്നതും ദൃഷ്ടി പരമാവധി ദൂരേക്ക് കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നതും ഗുണകരമാണ്. തെളിച്ചമുള്ളതോ അല്ലെങ്കിൽ ഏറിയോ കുറഞ്ഞതോ ആയ പ്രകാശത്തിന്റെ ഉറവിടത്തിൽ (ഉദാഹരണം – മൊബൈൽ, കംപ്യൂട്ടർ സ്ക്രീൻ/മോണിട്ടർ, ടെലിവിഷൻ തുടങ്ങിയവ) നോക്കിയിരിക്കേണ്ട സാഹചര്യങ്ങളിൽ, ഇരുപത് മിനുട്ടിന്റെ ഇടവേളകളിലെങ്കിലും കണ്ണിന് വിശ്രമം നൽകാൻ ശ്രദ്ധിക്കേണ്ടതാണ്.
കഴിവതും ശാന്തമായ സ്ഥലത്ത് ഒരു കസേരയിലിരുന്ന്, മുന്നിലെ മേശയിൽ കൈമുട്ട് കുത്തി, ഉള്ളംകൈകൾ കൊണ്ട് മുദുവായി ഇരുകണ്ണുകളും അടച്ച് ഏതാനും മിനിട്ടുകൾ ഇരിക്കുന്നത് കണ്ണിലെ പേശികൾക്ക് വിശ്രമം നൽകുന്നതിന് സഹായിക്കും. ആഹാരക്രമത്തിൽ ചില വിഭവങ്ങൾ ഉൾപ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യത്തിനും അഴകിനും നല്ലതാണ്. ഇലക്കറികൾ പൊതുവെ നേത്രാരോഗ്യത്തിന് ഗുണകരമാണ്. പച്ച ഇലകൾ അടങ്ങിയ വിഭവങ്ങൾ നിർബന്ധമായും ആഹാരത്തിൽ ഉൾപ്പെടുത്തണം. ഞവര, ചെന്നെല്ല്, വരക് മുതലായ ധാന്യങ്ങളും ചെറുപയർ പോലുള്ള പയർവർഗങ്ങളും അൽപം ശുദ്ധമായ പശുവിൻ നെയ്യ് ചേർത്ത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ വർദ്ധിപ്പിക്കും.
ത്രിഫല – കടുക്ക, നെല്ലിക്ക, താന്നിയ്ക്ക – ചൂർണ്ണം ചെറിയ അളവിൽ തേനും നെയ്യും ചേർത്ത് സേവിക്കുന്നതും ഇടയ്ക്ക് പാദാഭ്യംഗം ചെയ്യുന്നതും (ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം) കണ്ണുകളുടെ ക്ലേശത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും.
ഫാസ്റ്റ് ഫുഡ്, ബേക്കറി വിഭവങ്ങൾ എന്നിവയുടെ സ്ഥിരമായ ഉപയോഗവും തീഷ്ണതയുള്ള പ്രകാശ ശ്രോതസ്സിൽ നോക്കുന്നതും പകലുറക്കവും രാത്രി ഉറക്കമൊഴിക്കലും നേത്രാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒഴിവാക്കേണ്ടതാണ്.